അഭിനയം കൊണ്ട് മാത്രമല്ല തികഞ്ഞ ഒരു മനുഷ്യ സ്നേഹി എന്ന പേരിലും മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരമാണ് സീമ ജി നായർ. മിനിസ്ക്രീനിലും ബിഗ് സ്ക്രീനിലും ഒരു പോലെ തിളങ്ങുന്ന താരം കലാരംഗത്തുള്ള അശരണർക്ക് വേണ്ടിയും സാധാരണക്കാരായ ക്യാൻസർ രോഗികൾക്ക് വേണ്ടിയും ചെയ്ത സഹായങ്ങൾ അനവധിയാണ്. സ്വാഭാവിക കഥാപാത്രങ്ങളും നർമ്മം നിറഞ്ഞ വേഷങ്ങളും ചെയ്തു മലയാളികളുടെ മനസ്സുകൾ കീഴടക്കിയ താരം ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമാണ്.
സഹജീവികളോടുള്ള അനുകമ്പ കൊണ്ട് സീമ ചെയ്യുന്ന ഓരോ പ്രവർത്തനത്താൽ ലക്ഷക്കണക്കിന് ആരാധകരുടെ ബഹുമാനം നേടിയെടുക്കുകയാണ് താരം. സിനിമ- സീരിയൽ താരം ശരണ്യയെ വേദനയോടെ അല്ലാതെ മലയാളികൾക്ക് ഓർക്കാൻ കഴിയില്ല. ജീവിതം അടിച്ചുപൊളിക്കേണ്ട പ്രായത്തിൽ കാൻസർ രോഗത്തിന് അടിമയാവുകയും അതികഠിനമായ വേദനകളിലൂടെയും അനുഭവങ്ങളിലൂടെയും കടന്നു പോയ ശരണ്യക്ക് ഒരു അമ്മയായും ചേച്ചിയായും എല്ലാത്തിനും ഒപ്പം നിന്ന് പിന്തുണച്ചത് സീമ ആയിരുന്നു.
അന്നു മുതലാണ് സീമയുടെ പ്രവർത്തനങ്ങളെക്കുറിച്ച് മലയാളികൾ കൂടുതൽ അറിഞ്ഞു തുടങ്ങിയത്. വളരെ ചെറിയ പ്രായത്തിൽ തന്നെ ക്യാൻസർ കാരണം കാൽ നഷ്ടപ്പെട്ടിട്ടും ആത്മധൈര്യം കൊണ്ട് ഈ രോഗത്തിന് നേരെ പുഞ്ചിരിച്ച് ഒടുവിൽ ഈ ലോകത്തോട് വിട പറഞ്ഞ നന്ദു, മുഖം മറുക് കൊണ്ട് മറഞ്ഞപ്പോഴും ആ കുറവുകളിൽ ഒന്നും തളരാതെ ശക്തമായി പോരാടി പറന്നുയർന്നിട്ട് ക്യാൻസറിന്റെ പിടിയിൽ അമർന്ന പ്രബുലാൽ അങ്ങനെ എത്രയോ സാധാരണക്കാർക്ക് സീമ എന്ന തണലിൽ സഹായം അനുഭവിച്ചിട്ടുണ്ട്.
ഇപ്പോഴിതാ മറ്റൊരു കലാകാരിയുടെ കണ്ണീരൊപ്പുന്ന സീമയുടെ വാർത്തകളാണ് സമൂഹമാധ്യമങ്ങളിൽ ഇടം പിടിക്കുന്നത്. കോമഡി സ്റ്റാർസ് എന്ന റിയാലിറ്റി ഷോയിലൂടെ പ്രേക്ഷകർക്ക് സുപരിചിതയായ കലാകാരിക്ക് ആണ് സീമയുടെ മേൽനോട്ടത്തിൽ ഒരു വീട് പണിഞ്ഞിരിക്കുന്നത്. കഴിഞ്ഞ ദിവസമായിരുന്നു മായയുടെ വീടിന്റെ പാലുകാച്ചൽ നടന്നത്. സീരിയൽ ടെലിവിഷൻ രംഗത്തെ ഒരുപാട് താരങ്ങൾ ആയിരുന്നു പാലുകാച്ചലിന് എത്തിയത്. ശ്രീ വിജയ സീമ എന്നാണ് സ്വന്തം വീടിനു മായ നൽകിയ പേര്.
ഒരു രൂപ പോലും കടമില്ലാതെയാണ് അഞ്ചുസെന്റ് സ്ഥലത്ത് മായക്ക് വേണ്ടി മനോഹരമായ ഒരു വീട് സീമ പണിത് ഉയർത്തിയത്. നടി വിജയകുമാരിയാണ് മായയുടെ കഷ്ടപ്പാടുകളെ കുറിച്ചും ഒരു വീട് വേണം അവൾക്ക് എന്ന ആവശ്യവും സീമയോട് പറയുന്നത്. എന്നാൽ വീട് എന്ന് പറയുന്നത് വലിയൊരു ഉത്തരവാദിത്തമാണ് എന്നും ഇനി അങ്ങനെയുള്ള റിസ്ക്കുകൾ ഏറ്റെടുക്കാൻ വയ്യ എന്നുമായിരുന്നു സീമ അജിത് കേട്ടപാടെ ആദ്യം പറഞ്ഞത്.
എന്നാൽ പിന്നീട് മായക്ക് ഒരു വീട് പണിയുവാൻ ഉള്ള ഓട്ടത്തിലായിരുന്നു സീമ ജി നായർ. എല്ലാവർക്കും മായയെ വളരെ ഇഷ്ടമായിരുന്നു. അതുകൊണ്ട് പലരും സഹായിച്ചു. ചിങ്ങം ഒന്നിന് വീട് പണി തുടങ്ങി. വെറും നാലു മാസം കൊണ്ട് വീടുപണി പൂർത്തിയാക്കുകയും ചെയ്തു. സ്ഥലം വാങ്ങിയത് മുതൽ വീട്ടിലെ ഓരോ കാര്യങ്ങളും സെറ്റ് ചെയ്തത് വരെ സീമ ആയിരുന്നു എന്നും. ഒപ്പിടാൻ മാത്രമാണ് കൂടെ പോയിട്ടുള്ളത് എന്നും മായ പറയുന്നു.